Anupama Okky
3 min readJun 21, 2020

--

അച്ഛൻ

“അച്ഛാ….ചോറ് കുഴച്ചു തരുവോ???” ഞാൻ ഈ കോവിഡ് കാലത്ത് ഇല്ലത്ത് വന്നതിനു ശേഷം വിരലിൽ എണ്ണാവുന്ന തവണ മാത്രമാണ് സ്വയം ചോറ് കുഴച്ചു ഉണ്ടത്. എത്ര വൈകിയാലും അച്ഛൻ വരട്ടെ…കുഴച്ചു തരും എന്ന് പറഞ്ഞ് കാത്തിരിക്കും. അച്ഛൻ്റെ ചോറ്…അതു പ്രത്യേകതയാണ്. വലിയ ഉരുള ഒന്ന്, അതാണ് പതിവ്. വെളിച്ചെണ്ണയും, പപ്പടവും, ഉപ്പിലിട്ടതും, പിന്നെ എന്തൊക്കെയോ…ഊണ് ഉഷാർ. ഏട്ടനെക്കാളും എടത്തിയേക്കാളും അച്ഛൻ കുഴച്ചു തന്നത് എനിക്ക് തന്നെയാവും. അച്ഛൻ്റെ സാരക്കുട്ടിയാ !!!

അമ്മയായിട്ട് തല്ലുണ്ടാക്കിയാലും ,തെറ്റ് എൻ്റെതാണെന്നു അറിഞ്ഞാലും ചീത്ത പറയില്ല, സാവധാനം വന്നു സംസാരിക്കും. അമ്മയുമായി യുദ്ധം നടന്നാലും അച്ഛൻ ചിരിക്കും, അത് കുറച്ചു കഴിഞ്ഞാൽ ഉറപ്പാണ്. “തല്ലുകൂടിക്കോട്ടെ അവർ. കുറച്ചു കഴിഞ്ഞാൽ ഇതൊക്കെ ഉണ്ടാവൂ അവർക്ക്.” തല്ലു കൂടാൻ ഞങ്ങൾക്ക് ഇത്രയധികം ധൈര്യവും സ്വാതന്ത്ര്യവും അച്ഛനല്ലാതെ വേറെ ആരും തന്നിട്ടില്ല.എത്ര ബോർ ആണെങ്കിലും അച്ഛൻ എൻ്റെ വർത്തമാനം കേട്ടിരിക്കും, ടീച്ചർമാരെ പറ്റി കുറ്റം പറച്ചിലും അച്ഛനോടാണ്; അമ്മയോടല്ല. അതൊക്കെ കേട്ട് അച്ഛൻ തലയാട്ടിയിരിക്കും. എനിക്ക് കിട്ടിയ ഏറ്റവും നല്ല കേൾവിക്കാരനാണ് അച്ഛൻ.

അച്ഛൻ കേൾക്കുന്നതും കാണുന്നതും നല്ലതെന്നു തോന്നിയാൽ എല്ലാരോടും പറയും, എന്നോടും. ചിലതൊക്കെ വായിക്കാനും പറയും. മടിയാണെങ്കിലും കുത്തിപ്പിടിച്ച് ഞാനും വായിക്കും. എനിക്ക് ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിൽ അത് രാത്രിയിലെ ചർച്ചകളിലൂടെയാണ്. അച്ഛനും അഫൻമാരും പൂമുഖത്തിരുന്ന് ആവേശ വർത്തമാനത്തിലിരിക്കുമ്പോൾ കേൾവിക്കാരിയാണ് ഞാൻ. എല്ലാരും പോയി കഴിഞ്ഞാൽ അച്ഛനോട് ചോദിക്കാം മനസിലാവാത്തത്, അറിയുന്നത് അച്ഛനും പറഞ്ഞു തരും. രാഷ്ട്രീയം അറിയണമെങ്കിൽ നല്ലൊരു നിരീക്ഷകൻ ആവണമെന്നു എനിക്ക് തോന്നിയത് അങ്ങനെയാണ്. രാഷ്ട്രീയം മാത്രമല്ല ശാസ്ത്രവും അച്ഛനിഷ്ടമാണ്. പുതിയ കണ്ടുപിടിത്തങ്ങളെയും, ടെക്നോളജികളെയും അറിയാൻ താത്പര്യമുണ്ട് അച്ഛന്. പിന്നെ മുത്തശ്ശൻ്റെ കയ്യിൽ നിന്ന് കിട്ടിയ പഠിപ്പിനോടും അറിവിനോടുമുള്ള ബഹുമാനം - ഞാൻ പഠിക്കുമ്പോഴും മാർക്ക് വാങ്ങുമ്പോഴും ആലോചിക്കാറുണ്ട്. മുത്തശ്ശിടെ കയ്യിൽ നിന്ന് കിട്ടിയതാണ് എല്ലാരോടുമുള്ള മമതയും സൗഹൃദവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അച്ഛൻ്റെ കൂടെ പറമ്പ് തിരിക്കാനും, വാ തോരാതെ സംസാരിക്കാനും പിന്നാലെ പോവ്വും. കൂടെ കൂട്ടുകയും ചെയ്യും. ഇപ്പോൾ അതൊന്നുമില്ലെങ്കിലും, ഇപ്പോഴും കൂടെ കൂട്ടുമെന്ന് ഉറപ്പാണ്. കുളത്തിൽ പോവ്വാനും, അലറി നീന്തൽ പഠിക്കാതെ കരയുമ്പോഴും, അക്കരക്കു പോകണ്ടേ എന്ന് പറഞ്ഞ് അച്ഛൻ പഠിപ്പിച്ചു. ശനിയാഴ്ചകളിൽ ഇടയ്ക്കു അച്ഛൻ ബൈക്കിൽ എന്നെ കമ്പനിയിൽ കൊണ്ട് പോകും. യാത്രകളോ സംഭവങ്ങളോ ഒന്നും ഓർമയില്ല; പക്ഷെ ഒന്നുറപ്പാണ് എത്ര അവിടെ പോയി ശല്യം ചെയ്താലും പിന്നെയും കൊണ്ടുപോകും.അച്ഛന് അമ്മ ചായ ഉണ്ടാക്കി കൊടുക്കുമ്പോൾ അടുത്ത് പോയി ഇരുന്നാൽ, ഒരു ഗ്ലാസിൽ കാൽ ഭാഗം ചായ അച്ഛൻ തരും. അച്ഛൻ്റെ കൂടെ അത് ഊതി കുടിക്കാം. അമ്മ വേണ്ട എന്ന് പറഞ്ഞാലും, കിട്ടും. പിന്നെ അച്ഛനുണ്ടാക്കുമ്പോൾ എനിക്കും ഉണ്ടാകുക എന്നായി.

അച്ഛൻ ഫീസ് തന്ന് വിട്ടിട്ട്, വൈകുന്നേരം തിരിച്ചു വരുമ്പോൾ എന്നോട് ബാക്കി ചോദിക്കാറില്ല. ബാക്കി കിട്ടിയില്ലേ എന്ന് മാത്രേ ചോദിക്കാറുള്ളു. നീ എടുത്തു വെച്ചോ എന്ന് പറയും. എന്നോടുള്ള വിശ്വാസവും പണം സൂക്ഷിക്കാനും ചിലവാക്കാനുമുള്ള ഉത്തരവാദിത്തമാണ് തന്നത്. അച്ഛൻ പണത്തെ ബഹുമാനിക്കാനും കൈകാര്യം ചെയ്യാനും പഠിപ്പിച്ചത് ഇങ്ങനെയാണ്.

മുത്തശ്ശി പോയപ്പോൾ പഴയ കഥ പറഞ്ഞു തരുന്ന സ്ഥാനം അച്ഛന്റേതായി. പഴയ കാലവും, ഞങ്ങളുടെ വേരുകളും ഇന്നും കൂടെയുള്ളത് അത് കൊണ്ടാണ്. പഴയ തർക്കങ്ങളും, ജന്മി വ്യവസ്ഥിതിയുടെയും കഥകൾ പറയുമ്പോഴൊക്കെ അച്ഛൻ ആരെയും കുറ്റപ്പെടുത്താറില്ല. അച്ഛൻ പരിചയപ്പെട്ടവരെ പറ്റിയും ഒക്കെ പറയുമ്പോഴും, അച്ഛന് അവരോടു അന്ന് ദേഷ്യമൊക്കെ തോന്നിയിരുന്നെങ്കിലും ഞങ്ങളിലേക്ക് ആ ദേഷ്യം വരാതെ എന്നും സൂക്ഷിച്ചിരുന്നു അച്ഛൻ. ജഡ്ജ്മെന്റൽ ആവാതെയിരിക്കാൻ അച്ഛൻ എന്നും ശ്രമിച്ചിരുന്നു.

അച്ഛൻ എപ്പോഴും പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, അറിയാത്ത കാര്യം അറിയില്ല എന്ന് പറയണം, അതൊരു കുറവല്ല; കൂടുതലാണ്. പക്ഷെ അറിയുന്ന കാര്യം അറിയില്ല എന്ന് കാണിക്കുന്നത് തെറ്റും. രണ്ട്, നോ പറയാൻ പഠിക്കണം. തെറ്റും ശരിയും തിരിച്ചറിഞ്ഞ് നോ പറയാൻ. ഞാൻ പലപ്പോഴും പരാചയപ്പെടാറുണ്ടെങ്കിലും എപ്പോഴും കൂടെ നിർത്താറുണ്ട് ഈ രണ്ടു കാര്യങ്ങളും.

അച്ഛൻ്റെ കയ്യിൽ നിന്ന് അടി കിട്ടിയ കഥ ഇന്ന് ആദിക്ക് (ഏടത്തിയുടെ മകൻ) പറഞ്ഞു കൊടുക്കുമ്പോൾ തിരിച്ചറിയുന്നു, അന്ന് അച്ഛൻ പഠിപ്പിച്ചത് ഭക്ഷണത്തെ ബഹുമാനിക്കാനും, ഒരു ചിട്ടയോടെ ജീവിക്കാനുമാണെന്ന്. അച്ഛൻ എന്ന രക്ഷിതാവിൽ എനിക്കിഷ്ടം എല്ലാം തുറന്നു പറയുന്നതാണ്. മക്കൾ വളരുന്നതിന് അനുസരിച്ച് അച്ഛൻ ചുറ്റുമുള്ളത് പറഞ്ഞു തന്നു. എല്ലാവരെ പറ്റിയും; നല്ലതിനെയും ചീത്തയെയും പറ്റിയും.

അച്ഛനോളം എന്നെ ലോകം കാണിച്ച ആരും ഇണ്ടാവില്ല. ബൈക്കിൽ എല്ലായിടത്തേക്കും കൊണ്ട് പോകും- പാടം, കട, വർക്ക് ഷോപ് അങ്ങനെ എല്ലായിടത്തേക്കും. പുഞ്ചപ്പാടത്തു സ്‌കൂൾ വിട്ടു വന്നു പോകുന്നതും, സുമോ (വണ്ടി) നേരെയാക്കാൻ കേശവൻ്റെ കടയിലേക്കും, സാധനം വാങ്ങാൻ കടയിലേക്കും, റബ്ബർ കൊടുക്കാനും, അമ്മയെ സ്‌കൂളിൽ കൊണ്ടാക്കാനും, അച്ഛൻ്റെ കമ്പനിയിലേക്കും ഒക്കെ കൊണ്ട് പോവും. അച്ഛൻ്റെ PA ആണല്ലേ എന്ന് വരെ പറായാറുണ്ട്. ഹോസ്റ്റലിൽ പോകുമ്പോൾ അമ്മ കൊറേ ഉപദേശിക്കുമ്പോഴും അച്ഛൻ പറയുക, “ ഒക്കെ ശ്രദ്ധിക്കണം.” എന്ന രണ്ടു വാക്കു മാത്രമാണ്. അതിലുണ്ട് ഞാൻ പോകുന്നതിനുള്ള വിഷമവും ആശങ്കയും.

“അച്ഛനെ നിങ്ങളാ നാശാക്കിയെ…” എന്നാ ഏട്ടൻ പറയുന്നേ. ഒരു സ്ട്രിക്ട് ഫാദറിൽ നിന്ന് കൂൾ ഡാഡി ആയി അച്ഛൻ. മിഠായി വേണ്ട എന്ന് പറഞ്ഞിരുന്ന അച്ഛനിൽ നിന്ന് ആ ഫ്രിഡ്‌ജിൽ ഉള്ള മിഠായി ഞാൻ എടുത്തുട്ടോ എന്ന് പറയുന്ന അച്ഛനായി. അമ്മെ കളിയാക്കുമ്പോ മിണ്ടാതിരുന്ന അച്ഛൻ, ഇപ്പൊ ഞങ്ങളോടൊപ്പം നിന്ന് അമ്മെ കളിയാക്കും. നേരം വൈകിയാലോ എന്തെങ്കിലുമുണ്ടായാലോ ദേഷ്യം വന്നിരുന്ന അച്ഛൻ ഇപ്പോൾ എല്ലാത്തിനും ചിരിച്ചു കൊണ്ട് മറുപടി പറയും. അച്ഛൻ ഞങ്ങളുടെ കൂടെ വളരുകയായിരുന്നു എന്ന് പറയാം.

പിന്നെ മുത്തശ്ശനായപ്പോൾ, മുത്തശ്ശിയുടെ കഥ പറച്ചിലും, മുത്തശ്ശൻ്റെ സ്നേഹവും അച്ഛൻ ഏറ്റെടുത്തു. അങ്ങനെ വീണ്ടും ഞാൻ ഇപ്പോൾ അച്ഛൻ്റെ കഥ കേട്ട് ഉറങ്ങാൻ തുടങ്ങി ആദിയോടൊപ്പം. എൻ്റെ മുത്തശ്ശനാണോ എന്ന് അച്ഛനോട് പലരും ചോദിച്ചിട്ടുണ്ട്. ഇന്ന് അച്ഛൻ, അച്ഛനായും കഥ പറഞ്ഞ്-കുഴച്ചു തരുന്ന മുത്തശ്ശനായും കൂടെയുണ്ട്.

ഇത് എൻ്റെ അച്ഛനാണ് എന്ന് പറഞ്ഞ് ആദിയെ മൂർശ്ശ കൂട്ടുമ്പോൾ അറിയാതെ എനിക്കും ചിരി വരും, ആദിയുടെ അസൂയയിലും എൻ്റെ ഭാഗ്യത്തിലും.

“അച്ഛനോളം വലുതായിടുകിൽ
ഏട്ടൻ്റെ പേരെ പറയുള്ളു പിന്നെ
ഇങ്ങോട്ടു വായോ ബാലരാമാ
എന്നൊച്ച കേട്ട് വിറയ്ക്കും ഏട്ടൻ.”

അച്ഛനോളം വലുതാകില്ലെന്നറിഞ്ഞിട്ടും, ഇന്നും അച്ഛനോളം വളരാൻ കൊതിക്കുന്നു.

--

--

Anupama Okky

Student. Love to travel. Love to know different people and their lives. Scribble down a lot.