Anupama Okky
2 min readSep 5, 2020

--

ടീച്ചറേ…..

“ടീച്ചറേ, എന്നെ ഓർമയുണ്ടോ?”

“ഇല്ല. ഞാൻ പഠിപ്പിച്ചതാണോ?”

“അഹ് ടീച്ചറേ. ഏഴിൽ .”

“ആണോ? എവിടെയാ വീട്?”

“ഇവിടെ അടുത്താ…അമ്പലംപള്ളി. അവിടെയുള്ള കടയിണ്ടാർന്നില്ലെ, രാമചന്ദ്രൻ്റെ.”

“ആഹാ. രാമചന്ദ്രൻ്റെ മകൻ ആണോ? മൂത്ത ആളാണല്ലേ?”

“അതെ ടീച്ചറെ. രഘു”

“സുഖല്ലേ? എന്താ ഇപ്പോ ചെയ്യണേ? നാട്ടിൽ ആണോ?”

“അല്ല ദുബായിലാണ്.ഫിനാൻസ് കൺസൽട്ടന്റാണ് അവിടെ.”

“ടീച്ചർ എൻ്റെ മകനെയും പഠിപ്പിചിണ്ട്, രണ്ട് കൊല്ലം മുൻപേ.”

“ എനിക്ക് ഓർമ്മയുണ്ട്, രാജീവ് എന്നല്ലേ പേര്? ഇപ്പോ മേലെ സ്കൂളിൽ അല്ലേ?”

“ആം. ടീച്ചർ കഴിഞ്ഞ കൊല്ലം റിട്ടയർ ആയല്ലെ?”

“അതെ. ഇപ്പോ ഇവിടെ ഇരിപ്പാണ്.”

“സുഖല്ലെ ടീച്ചറേ?”

“ഒാ സുഖം.” ടീച്ചറുടെ കണ്ണ് ഒന്ന് തിളങ്ങിയ പോലെ തോന്നി.

“ശെരി ടീച്ചറെ. പിന്നെ കാണാം ടീച്ചറെ.”

രഘു ചിരിച്ചു കൊണ്ട് നടന്നു. “മൂന്നാഴ്ചയായി നാട്ടിൽ വന്നിട്ട്, ഒരു നടത്തത്തിന് ഇറങ്ങിയതാണ് രാവിലെ. അപ്പോഴാണ് ടീച്ചറെ കണ്ടത്. പേപ്പർ എടുക്കുകയായിരുന്നു ടീച്ചർ. വയസ്സായിരിക്കുന്നു ടീച്ചർക്ക്.

ഇപ്പോഴും ഓർമ്മയുണ്ട് ടീച്ചറുടെ ക്ലാസ്സ്. മലയാളമാണ് വിഷയം. മെലിഞ്ഞ ശരീരം. സാരിയാണ് എപ്പോഴും വേഷം, ലൈറ്റ് കളേഴ്‌സ്. ചിരിച്ചുക്കോണ്ടെ ക്ലാസ്സിൽ വരൂ. വികൃതി കാണിച്ചാലും ചിരിച്ചു കൊണ്ട് ചീത്ത പറയും, കുസൃതി കണ്ട് ചിരി അടക്കാൻ ടീച്ചറും ബുദ്ധിമുട്ടും. പക്ഷേ ടീച്ചർക്ക് ഏറ്റവും ദേഷ്യം നുണ പറയുന്നതാണ്. കുറ്റം സമ്മതിക്കണം, സത്യം പറയണം, ശിക്ഷ നേരിടണം. അതാണ് ടീച്ചറുടെ പോളിസി.

കള്ളം പറഞ്ഞതാണെങ്കിൽ ടീച്ചറുടെ ഭാവം മാറും, എനിക്കതറിയാം.” നടന്നു ഞാൻ വീട്ടിലെത്തി.

“അച്ഛാ…ചായ വേണ്ടേ?”

“വേണം. നല്ല കടുപ്പം ആയിക്കോട്ടെ.”

രണ്ട് ഗ്ലാസ് ചായയുമായി അവൻ അടുത്ത് വന്നിരുന്നു. മുന്നിലിരുന്ന പത്രം എടുത്ത് വയിക്കലായി അവൻ. ഞാനും ചായ ആസ്വദിച്ചു കുടിക്കാൻ തുടങ്ങി. അടക്കി പിടിക്കാൻ വയ്യാതെയായ പോലെ.

“രാജു, ഞാൻ നമ്മടെ ടീച്ചറെ കണ്ടു, ഷീല ടീച്ചറെ.”

“ഞാൻ കാണാറുണ്ട്, സ്കൂളിൽ പൊവ്വുമ്പോ.” അവൻ പത്രത്തിൻ്റെ ഉള്ളിലാണ്.

“നല്ല ടീച്ചർ ആണല്ലേ?”

“അ..” അവൻ മൂളി.

“ടീച്ചറെ എനിക്ക് നല്ല ഇഷ്ടാ…ഒരു തവണ എനിക്ക് ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടിണ്ട്.”

“അച്ഛൻ പഠിപ്പി ആർന്നില്ലെ? പിന്നെ എന്തിനാ അടി?” പത്രം മടക്കി വെച്ച് ഉത്സാഹത്തോടെ കേൾക്കാൻ ഒരുങ്ങി. കാലൊക്കെ കേറ്റി കസേരയിൽ ചമ്രം പടിഞ്ഞിരിപ്പായി രാജീവ്. കഥ കേൾക്കാൻ റെഡി ആയി, കഥയല്ല അനുഭവം.

“പഠിക്കാത്തതിനല്ല. ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാ…ടീച്ചർ എനിക്ക് എടുത്തിട്ടില്ല, കണ്ടിട്ട് മാത്രേ ഉള്ളു. രമ ടീച്ചർ ആയിരുന്നു മാത്‍സ്. ഒരു ടെസ്റ്റ് എന്തോ ഇണ്ടാർന്നു. പിറ്റേ ദിവസം ഒപ്പ് ഇട്ടു വരാൻ ഒക്കെ പറഞ്ഞിരുന്നു. ഞാൻ മറന്നു പോയി. ക്ലാസ്സിലെ കേമൻ ആയിരുന്നില്ലേ! അപ്പൊ ടീച്ചർ പറഞ്ഞത് ചെയ്യാതെ വന്നാൽ നാണക്കേടല്ലേ.” രാജീവിൻ്റെ മുഖത്തൊരു കള്ള ചിരി വിടർന്നു. രഘുവിൻ്റെ മുഖത്തും ചിരി വിടർന്നു.

“അത് കൊണ്ട് തന്നെ ഉച്ചക്ക് വേഗം ഊണ് കഴിച്ച്, വേഗം ക്ലാസ്സിൽ എത്തി. ആ പേപ്പർ ഒക്കെ എടുത്ത്, ആരും കാണാതെ ഒരു ഒപ്പ്. അമ്മയുടെ ഒപ്പാണ് എളുപ്പം, പി പി അതങ്ങു കൂട്ടിയെഴുതിയാൽ മതി. ഞാൻ വേഗം ആ പേപ്പറിൽ കോറി വരച്ചു. ലീഡർ ആയിരുന്നു. എല്ലാരുടെയും പേപ്പർ ഒക്കെ വാങ്ങി. ടീച്ചർമാരുടെ റൂമിലേക്ക് നടക്കുമ്പോൾ എൻ്റെ പേപ്പർ ഇടയിലേക്ക് വെച്ച്, ആരും കാണണ്ട.”

“എന്നിട്ടോ? ടീച്ചർ കണ്ടോ?”

“രമ ടീച്ചർ അന്ന് ലീവ് ആർന്നു. ഷീല ടീച്ചറുടെ കയ്യിൽ തന്നോളാൻ പറഞ്ഞു. ടീച്ചർ പേര് ചോയ്ച്ചു. ‘രഘു’,’എത്രയാ മാർക്ക്?’,’ഫുൾ മാർക്ക് ഇണ്ട് .’ അഭിമാനത്തോടെ ഉത്തരം പറഞ്ഞതാ…ടീച്ചർ എന്റെ പേപ്പർ തിരഞ്ഞെടുത്തു. പേപ്പർ കണ്ടതും ടീച്ചർ എന്നെ ഒരു നോട്ടം നോക്കി.’ആരാ ഒപ്പിട്ടേ?’ ‘’അമ്മ’ ഞാനും പറഞ്ഞു. ‘’അമ്മ എന്താ ചെയ്യണേ?’,’വീട്ടിലാ’,’നീ എന്തിനാ അമ്മേടെ ഒപ്പിട്ടെ?’,’ഞാൻ ഇട്ടിട്ടില്ല ടീച്ചറെ’,’നുണ പറയരുത്’,’ടീച്ചറെ എനിക്ക് മാർക് ഉണ്ടല്ലോ, പിന്നെ എന്താ പ്രശ്നം?’ ക്ഷമ കെട്ട് ഞാൻ ചോയ്ച്ചു പോയി.” രഘു ഒരു ദീർഘ നിശ്വാസം വിട്ടു.

“എന്നിട്ട്? പറ….” രാജീവിന് തിടുക്കമായി.

“ഷീല ടീച്ചർ മുട്ടുകുത്തി ഇരുന്ന് ഒരു കാര്യം പറഞ്ഞു; ‘നിനക്ക് മാർക്കിണ്ട് , മിടുക്കനായി. പക്ഷെ മാർക്ക് മാത്രം ഇണ്ടായിട്ട് കാര്യമില്ല.നുണ പറഞ്ഞില്ലേ? അപ്പൊ നീ തെറ്റല്ലേ ചെയ്തത്. മാർക്ക് ഇണ്ടായിട്ട് പിന്നെ എന്താ? മാർക്ക് കുറഞ്ഞാലും നീ സത്യം പറഞ്ഞാൽ നീ മിടുക്കനാവും. നുണ പറയരുത്.’ അന്ന് ടീച്ചർ ബാക്കി പിള്ളേരോട് പറഞ്ഞില്ലല്ലോ എന്ന സന്തോഷം മാത്രേ ഇണ്ടായുള്ളൂ. പിന്നീട് ആലോയ്ക്കുമ്പോഴാ തോന്നിയത്, ടീച്ചർ എന്നെ പഠിപ്പിച്ചത്,നല്ല മനുഷ്യൻ ആവാൻ ആർന്നു.നല്ല വിദ്യാർത്ഥി ആവാൻ മാത്രമല്ല”

“അപ്പൊ ടീച്ചർ ആണല്ലേ അച്ഛൻ്റെ ഇമേജ് രക്ഷിച്ചത്?” രാജീവിന് ചിരി അടക്കാൻ വയ്യ.

“ടീച്ചർ എൻ്റെ ഇമേജ് എന്നത്തേക്കുമായും രക്ഷിക്കാർന്നു. ടീച്ചർ അന്ന് എന്നെ അടിക്കുവാർന്നേൽ ഞാൻ ടീച്ചറെ വെറുത്ത് പോയേനെ…ടീച്ചർക്ക് എന്നെ ഒരിക്കലും സ്വാധീനിക്കാനും കഴിയില്ലാരുന്നു.” രാജീവ് തലയാട്ടി. മടുപ്പിക്കുന്നില്ലെന്ന് മനസ്സിലായി രഘു തുടർന്നു. “ഇപ്പോൾ പല കമ്പനികൾ വന്ന് തിരിമറി കാണിക്കാൻ പറയുമ്പോൾ എനിക്കറിയാം അത് എതിർക്കേണ്ടതാണെന്ന്. ടീച്ചർ പറഞ്ഞത് എപ്പോഴോ എന്നെ സ്വാധീനിച്ചിണ്ടാവും. തെറ്റും ശെരിയും തിരിച്ചറിയാൻ ഇവരൊക്കെ എന്നെ പഠിപ്പിച്ചു.”

“ആ..” രഘു മൂളികൊണ്ട് പുറത്തേക്കു നോക്കി.

ഷീല ടീച്ചർ ഇന്ന് രാജിവിനും പുതിയൊരു പാഠം പഠിപ്പിച്ചിണ്ടാവും. ടീച്ചർ ഒരിക്കലും റിട്ടയർ ആയിട്ടില്ല. ഇന്നും പഠിപ്പിച്ചോണ്ടിരിക്കുന്നു.

--

--

Anupama Okky

Student. Love to travel. Love to know different people and their lives. Scribble down a lot.