പപ്പടം

Anupama Okky
2 min readDec 15, 2020

“ഒരു കെട്ട് പപ്പടം, അവിടേക്കു ഇപ്രാവശ്യം വേണ്ട,അടുത്ത തവണ വരുമ്പോ മതി.” ചിരിച്ചു കൊണ്ട് പറഞ്ഞ് അകത്തേക്ക് തിരിഞ്ഞു. മേശ വലിപ്പിൽ നിന്ന് കാശെടുത്ത് കൊടുത്തു. അടുത്ത ആഴ്ച കാണാം എന്ന് പറയാതെ പറയുന്ന ഒരു ചിരി രണ്ടു പേരുടെയും മുഖത്ത് വിടർന്നു. പ്ലാസ്റ്റിക് കവറിൽ ഒരു കെട്ട് പപ്പടം, നല്ല പപ്പടമാണ്.
പപ്പടം; ഒരു മന്ദഹാസത്തോടെ ഞാൻ ഓർത്തു.

“അമ്മുവ്വോ ഒരു കെട്ട് പപ്പടം കൊണ്ട് വാ….അനൂനേം കൂട്ടിക്കോ” അമ്മ അടുക്കളയിൽ നിന്ന് അലറും. ഏടത്തിയും ഞാനും കൂടി പൊവ്വും പപ്പടം വാങ്ങാൻ. നടക്കാവുന്ന ദൂരമേയുള്ളൂ. ഗേറ്റ് കടന്നു നേരെ കാണുന്ന വീട്, റോഡ് മുറിച്ചു കടക്കണം. വറതപ്പൻ്റെ വീടെത്തി. സൗമ്യതയോടെ, “ഒരു കെട്ട് പപ്പടം” ;കണക്കൊക്കെ നോക്കി ഏടത്തി കാശ് കൊടുക്കും. ഇനി ഞങ്ങളുടെ കളിയായി. പപ്പടമാണ് കാശ്. പണിയെടുത്താൽ കാശ് കിട്ടും. “ഈ കലുങ്ക് മുതൽ പടി വരെ പുല്ലു വെട്ടിയാൽ നിനക്ക് 30 പപ്പടം.” ഏടത്തി പറയേണ്ട താമസം, അവിടം മുതൽ പടി വരെ പുല്ലു വെട്ടുന്ന ആക്ഷൻ കാണിച്ച് നടക്കും. പടിയെത്തിയാൽ, 30 പപ്പടം എണ്ണി തരും, “വൃത്തിയായിട്ടോ” എന്ന വാക്കും. പിന്നെ എൻ്റെ ഊഴം ആണ്. “ഇവിടെ മുതൽ ആദ്യത്തെ ഇറക്കം വരെ ചെടി നട്ടാൽ 20 പപ്പടം” അങ്ങനെ നടലും കൊയ്യലും കാറ്റത്താട്ടലും ഒക്കെയായി തിരിച്ചെത്തും. വറതപ്പൻ്റെ അവിടേക്കു 10 മിനിറ്റ് പോലും എടുക്കില്ല, പക്ഷെ മടക്കം ഒരു ഘോഷയാത്ര പോലെ 20–25 മിനിറ്റ് എടുക്കും.
വറതപ്പൻ്റെ വീട്, പപ്പടം വാങ്ങുന്ന സ്ഥലം മാത്രമല്ല. ആ വീടിൻ്റെ എതിരെയുള്ള കലിങ്കാണ് സ്‌കൂൾ വണ്ടി കാത്തു നിൽക്കുന്ന സ്ഥലം. മഴ പെയ്ത് കനക്കുമ്പോൾ ആരോടും ചോദിക്കാതെ ആ വീടിൻ്റെ കൂരയിൽ കേറി നിൽക്കാം. “വണ്ടി വന്നില്ലാലെ?” എന്ന് അവർ കുശലം ചോദിക്കും. “നല്ല മഴയാണല്ലേ, അതാവും നേരം വൈകിയത് “,”നല്ലോണം കേറി നിന്നോളൂ, നനയണ്ട”,”കുടയില്ലേ കൈയിൽ?” സ്നേഹത്തോടെ അവർ ചോദിക്കും. മഴക്കാലം, സ്കൂൾ, വണ്ടി അങ്ങനെ കുട്ടിക്കാലം തന്ന ഓർമകളിൽ എല്ലാം ആ വീടുണ്ട്.
വറതപ്പൻ വീട് മാറി, ആ വീട്ടിൽ വേറെ താമസക്കാർ വന്നു, അവർ മാറി, കാലം മറഞ്ഞു. പക്ഷെ ഇന്നും ആ വീട് വറതപ്പൻ്റെ വീടാണ്. കുട്ടിക്കാല ഓർമകളുടെ ഒരു സ്മാരകം! മടങ്ങി വരാത്ത ആ ഓർമ്മകൾ മനസിലൂടെ മിന്നി മറഞ്ഞു.
പ്ലാസ്റ്റിക് കവർ അടുക്കളയിൽ കൊണ്ട് വെച്ച്,കാച്ചിയ വെളിച്ചെണ്ണ കുപ്പിയുമായി ഞാൻ ഇറയത്തേക്ക് ഇരുന്നു. ഓർമകളുടെ ചെപ്പ് ഭദ്രമായി അടച്ചു വെച്ച്,രാവിലെ തന്നെ കലപില കൂട്ടുന്ന ചപ്പലക്കിളിയെ നോക്കി മുടി കോതി.

--

--

Anupama Okky

Student. Love to travel. Love to know different people and their lives. Scribble down a lot.