Anupama Okky
2 min readJan 16, 2021

--

മഹത്തായ ഭാരതീയ അടുക്കള

ചില സിനിമകൾ അങ്ങനെയാണ്. കണ്ട് തീർന്നാലും ആ കഥ അവസാനിക്കില്ല. 'The Great Indian Kitchen' എന്ന സിനിമ കണ്ട് തീർന്നാലും ആ കാഴ്ചകൾ കണ്ട് തീർന്നിട്ടില്ല. ഇനിയും കാണാനുണ്ട്.

അണു കുടുംബത്തിൽ നിന്ന് വലിയൊരു തറവാട്ടിലേക്ക് കല്യാണം കഴിഞ്ഞ് വരുന്നു. തന്നെ വീട്ടുകാർ പഠിപ്പിച്ച പോലെ നല്ല ‘ഭാര്യയും’, ‘മരുമോളും’ ആകാൻ ശ്രമിക്കുന്നു. പരിചയമില്ലാത്ത അടുപ്പ് കത്തിക്കാനും, അമ്മിയിൽ അരക്കാനും അവൾ നിർബന്ധിതയാകുന്നു.

ചൂടുള്ള ദോശ എവിടെ എന്ന ചോദ്യമല്ലാതെ നന്നായിട്ടുണ്ട് എന്ന ചിരി വാക്ക് കേൾക്കാനില്ല. ടേബിൾ മാന്നേഴ്സിനെ പറ്റി പറയുമ്പോൾ ക്ഷതം സംഭവിക്കുന്ന ആണത്തം. ആർത്തവത്തിൽ അശുദ്ധിയും അയിത്തവുമുള്ള സ്ത്രീ നാലാം ദിവസം മുതൽ അടുക്കളയിലെ വേലക്കാരിയാവുന്നു. വിരോധാഭാസം!!! ജോലിക്കു പോവാനുള്ള ‘സമ്മതം ചോദിക്കുമ്പോൾ’, കടല കറി നന്നായിട്ടുണ്ട് എന്ന് മറുപടി പറയുന്നു; അടുക്കളയും വീടും നോക്കലാണ് നിൻ്റെ ജോലി എന്ന് പറയാതെ പറയുന്നു.

സ്വർണാഭരണങ്ങൾ പെട്ടിയിലാക്കി സൂക്ഷിക്കുന്ന രംഗം, ധനം കൈകാര്യം ഗൃഹസ്ഥനും, അടുക്കള ഭരണം ഗൃഹസ്ഥയും എന്ന ചിന്താഗതി വ്യക്തമായി വരച്ചു കാട്ടുന്നു.

തറവാട്ടിനകത്ത് സാരിയും വേഷടീ-മുണ്ടും ധരിച്ച അമ്മായിയമ്മ മകളുടെ അടുത്ത് എത്തുമ്പോൾ ചുരിദാർ ധരിക്കുന്നതു കാണാം. സ്വാതന്ത്ര്യം അവിടെ സൂചിപ്പിക്കുമ്പോഴും ഫോൺ വെച്ച് അടുക്കളയിൽ പണിയെടുക്കുകയാണ് അവർ. “ഞാനാണ് പറഞ്ഞതെന്ന് പറയല്ലേ” മരുമോളോട് ജോലിക്കു പോകാൻ പറയുമ്പോഴും, അവർ ആരെയൊക്കെയോ ഭയക്കുന്നു.സ്ത്രീയുടെ വളർച്ചയെ ഭയക്കുന്ന സമൂഹത്തിനെയാവാം അവർ ഭയന്നത്.

‘ചമ്മന്തി അമ്മിയിൽ അല്ലാലെ അരച്ചത്?’ , ‘ചോറ് കുക്കറിൽ ആണല്ലേ, അത് മാത്രം അടുപ്പത്തു വെക്കണം’ , ‘വാഷിംഗ് മെഷീനിൽ ഇട്ടാൽ തുണി പൊടിയും, എൻ്റെ ഇടണ്ട.’ ആൺകോയ്മയുടെ മരിക്കാത്ത അടയാളങ്ങളാണ് ഈ ഡയലോഗുകൾ.

താൻ ഷെയർ ചെയ്യുന്ന വിഡിയോയിലും പോസ്റ്റിലും കുടുംബത്തിൻ്റെ ‘മാനവും തീരുമാനങ്ങളും’ സംരക്ഷിക്കപ്പെടണം!!സ്ത്രീയുടെ ചിന്താശേഷിക്ക് പോലും വിലക്കുകൾ നീളുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഇനിയും ഇരന്നു വാങ്ങേണ്ടി വരുന്നു; അപ്രിയ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന രംഗങ്ങൾ!!!

സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത് പുരുഷന്മാർ മാത്രമല്ല. ആർത്തവം അശുദ്ധിയും, തൊടാതെ ഇരിക്കണം എന്ന് ശകാരിക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രം; ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ പ്രതികൂലിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ; അവരുടെ മുന്നിലൂടെ തൻ്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചു നടന്നു പോകുന്ന നിമിഷയുടെ കഥാപാത്രം. സമൂഹത്തിൻ്റെ നിഴലായും, വരാൻ ഇരിക്കുന്ന തുല്യതയുടെ വെളിച്ചവും, അണിയറ പ്രവർത്തകരുടെ രാഷ്ട്രീയവും ക്യാമറയും സിനിമയും വ്യക്തമാക്കുന്നു.

സ്വയം അംഗീകരിക്കാനും, തൻ്റെ കഴിവുകളെയും കെൽപിനെയും സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ നമുക്ക് വളരാനാവു. മറ്റൊരാളുടെ കയ്യടിക്കു കാത്തു നിൽക്കാതെ സ്വയം വളർന്നു, തൻ്റെ സൃഷ്ടിയെ നോക്കി അഭിമാനത്തോടെ ചിരിക്കാൻ കഴിയുന്നതിലാണ് വിജയം എന്ന് സിനിമ പറഞ്ഞു വെക്കുന്നു.

സമൂഹം ഇനിയും മാറേണ്ടിയിരിക്കുന്നു എന്ന് ഊട്ടി ഉറപ്പിക്കുകയാണ് സംവിധായകൻ.സൂരജ് വെഞ്ഞാറമൂടിൻ്റെ കഥാപാത്രം, “ ആദ്യ വിവാഹത്തിലെ തെറ്റുകൾ ഒക്കെ തിരുത്തി മുന്നോട്ടു പോകാം” എന്ന് പറഞ്ഞു കുടിച്ച ചായ കപ്പ് അവിടെ തന്നെ വെച്ച് പോകുന്നു. പുതുമോടി അത് കഴുകി വെക്കുന്നു. തൻ്റെ തെറ്റുകൾ എവിടെയാണ് എന്ന് പോലും തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു ആ കഥാപാത്രം. സ്ത്രീകളുടെ കടമയായി അടുക്കള ഭരണം തുടരുന്നു.

പാൽ കൊണ്ട് വരുന്ന ആ കുട്ടിയുടെ കഥാപാത്രം, ഇതൊക്കെ കണ്ടു വളരുന്ന ഒരു ഇളം തലമറയുടെ പ്രതീകമാണ്. ശരിയും തെറ്റും തിരിച്ചറിയാത്ത പ്രായത്തിൽ, തനിക്കു ചുറ്റും നടക്കുന്നത് ശരിയെന്നു വിശ്വസിക്കും. വളർന്നു വരുന്ന തലമുറയുടെ ഭാവി സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിക്കുന്നു ആ ബാലികയുടെ മുഖം.

പേരുകളില്ലാത്ത ഈ കഥാപാത്രങ്ങൾ നമുക്ക് പൂരിപ്പിക്കാൻ ഉള്ളതാണ്. നമ്മുടെ വീട്ടിലും ചുറ്റുമുള്ളവരാണ് ആ കഥാപാത്രങ്ങൾ.അടുക്കളയിൽ ഒതുങ്ങി പോകുന്ന സ്ത്രീ ജന്മങ്ങൾ, സ്ത്രീ സ്വാന്ത്ര്യത്തിന് കൈ വിലങ്ങു വെക്കുന്ന സമൂഹം. സമൂഹത്തിൻ്റെ കണ്ണാടിയാണ് ഈ സിനിമയുടെ ആദ്യ പകുതി, മറു പകുതി മാറ്റങ്ങളുടെ തുടക്കമാണ്; പ്രതികരിക്കുന്ന സ്ത്രീ.

‘Thanks Science’ എന്ന് പറഞ്ഞ് തുടങ്ങുന്ന സിനിമ, ആചാരങ്ങളുടെ ചട്ടക്കൂട്ടിൽ കിടക്കുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു. പ്രതികരിക്കാൻ മടിക്കുന്ന സ്ത്രീകൾക്കും, സ്ത്രീകൾക്ക് മേൽ അറിഞ്ഞും അറിയാതെയും വിലങ്ങുകൾ തീർക്കുന്നവർക്കും ഒരേ പോലെ ചിന്തിപ്പിക്കുന്നു ഈ സിനിമ.

‘The Great Indian Kitchen; cooked by Jeo Baby and friends’ ചിന്തിപ്പിക്കുകയും വിശപ്പ് പോലെ ഉള്ളിൽ ആളി കത്തുകയും ചെയ്യുന്നു.

--

--

Anupama Okky

Student. Love to travel. Love to know different people and their lives. Scribble down a lot.