Anupama Okky
2 min readOct 31, 2020

--

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ….

“ഹാവൂ…വിൻഡോ സീറ്റിണ്ട്.” ഞാൻ ചാടി കേറി ഇരുന്നു. ചാറ്റൽ മഴ, കാറ്റ് മുഖത്ത് വീശുന്നു. അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ജനലിനോട് ഒന്നും കൂടി ചേർന്നിരുന്നു. മഴ കൂടുന്നുണ്ട്. പെട്ടന്ന് തോളിൽ ഒരു തട്ട്. തിരിഞ്ഞു നോക്കിയപ്പോൾ, ഒരു മധ്യ വയസ്കൻ.

“ആ ജനലോന്ന് അടക്കുവോ? ഇങ്ങോട്ട് ചാറ്റൽ അടിക്കുന്നു.” ശബ്ദ ഗാംഭീരത്തോടെ അയാൾ പറഞ്ഞു. വന്ന ദേഷ്യവും സങ്കടവും അമർത്തി പിടിച്ച്, തലയാട്ടി. മെല്ലെ,ആമയെ പോലെ മുകളിലത്തെ ക്ലിപ് ഊരി ഷട്ടർ താഴ്ത്തി. “ഇങ്ങേർക്ക് മഴ പറ്റില്ലെങ്കിൽ വിൻഡോ സീറ്റിൽ ഇരിക്കണോ? വേറെ എവിടേലും ഇരുന്നാൽ പോരെ. ചാടി കേറി ഇരുന്നതാ…ന്നിട്ടോ??” അയാളെ പിരാകി പിരാകി ഞാൻ ഫോണും ഇയർഫോണും എടുത്തു.

“മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവൻ്റെ

തിരികളുണ്ടാത്മാവിനുള്ളില്‍..”

പുറത്തെ മഴയുടെ ഗന്ധം, കാറ്റിൻ്റെ തലോടൽ, ആനവണ്ടി..എല്ലാരും പറയുന്ന ആ കോമ്പിനേഷനിൽ ഞാനും മുഴുകി പോയി. ഓർമ്മകളെയും മനസ്സിനെയും കയറൂരി വിട്ടു!

മഴക്കാലമായാൽ ഒറ്റ ചിന്ത മാത്രം. കുളം! നീന്തൽ അറിഞ്ഞാലും ഇല്ലെങ്കിലും കുളത്തിൽ പോണം, അത് നിർബന്ധം. കുളം നിറയുന്നതും നോക്കിയിരിക്കും ആദ്യ മഴക്കാല ദിവസങ്ങൾ.

“ചറപറ ചറപറ പെയ്യട്ടെ
ഇടിയുടെ താളം കേൾക്കട്ടെ
പുഞ്ചപ്പാടം നിറയട്ടെ
പത്തോ നൂറോ കിട്ടട്ടെ
പുത്തരി പായസം ഉണ്ണാലോ!”

മഴ പെയ്ത് വരു ഒലിച്ചാൽ ഓടും പൂമുഖത്തെ ഇടാഴിയിലേക്ക് പഴയ പേപ്പർ എടുക്കുന്നു, തോണിയുണ്ടാക്കുന്നു; നിവർത്തി വെച്ച നനഞ്ഞ കുടയെടുത്ത് ഓട്ടമായി തോണി ചാലിൽ ഇടാൻ! മഴക്കാലത്തിനു മുൻപ് തന്നെ പുല്ലു ചെത്തിയിട്ടുണ്ടാവും. തോണിയിലെ യാത്ര സുഗമമായിരിക്കും. ആദ്യം ആരുടെ തോണി പറമ്പിലെ ചാലിലൂടെ കടന്നു പോവും? നല്ല തോണി അത് തന്നെ! മുങ്ങി പോവുന്ന തോണിയിലെ യാത്രക്കാരോട് സഹതാപം തോന്നും. ഇറങ്ങിത്തിരിച്ച യാത്ര ലക്ഷ്യം കാണാതെ അവർ പിരിഞ്ഞു പോകുന്നു. വെള്ളം കേറിയിട്ടും ഇഴഞ്ഞു നീങ്ങുന്ന തോണി ; ധീരന്മാരാണ് അവർ- പിന്തിരിയാതെ മുന്നോട്ടു പോവുന്ന യോദ്ധാക്കൾ. വെച്ചുറപ്പോടെ മുന്നോട്ടു പോകുന്ന തോണിയുടെ പിന്നാലെ ഞങ്ങളും പോകും; യാത്ര പറഞ്ഞ് ആശംസിക്കാൻ. മഴ കനക്കുമ്പോഴേക്കും ഒരു വിളി കേൾക്കാം, “മതി, ഇങ്ങട്ടു വരൂ…” പിന്നെ ജയിച്ച തോണിയുടെ കഥ പറച്ചിലായി മുത്തശ്ശിയോട്.

മുത്തശ്ശി ഇല്ലാത്ത ആദ്യ മഴക്കാലം. കുളത്തിലെ ബഹളം കേട്ട് എന്തൊക്കെ ചെയ്തു എന്ന് ഇനി ചോയ്ക്കാൻ ആളില്ല. കറണ്ട് പോയാൽ വിളക്ക് വെച്ച് കഥ പറഞ്ഞു തരാൻ ആരുമില്ല.

പിന്നിലേക്ക് നോക്കാതെ ഞാൻ ഷട്ടർ പൊക്കി. മഴത്തുള്ളികൾ തിക്കി തിരക്കി അകത്തെത്തി. പുതുക്കാട് എത്തി, ഇപ്പോ എത്തും തൃശ്ശൂർ. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു, തോർന്നിട്ടില്ല. മഴ തോർന്നാലും, ഇൗ ഓർമകൾ ഒരിക്കലും തോരില്ല! കൂടെയുണ്ടാവും, വേരിറങ്ങിപ്പോയിരിക്കുന്നു.

--

--

Anupama Okky

Student. Love to travel. Love to know different people and their lives. Scribble down a lot.